പ്രേം നസീർ
ചിറയൻകീഴിൽ ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി ജനിച്ചു. മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ . ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.